കൊച്ചി: കേരള ഫുട്ബോള്‍ അസോസിയേഷന് (കെഎഫ്എ) സംഘടിപ്പിക്കുന്ന കേരള പ്രീമിയര്‍ ലീഗിന്റെ (കെപിഎല്‍) പതിമൂന്നാം പതിപ്പ് എട്ടിന് കോഴിക്കോട്ടു തുടങ്ങും. ഉദ്ഘാടന മത്സരത്തില്‍ ഗോകുലം കേരള എഫ്സി കാലിക്കട്ട് എഫ്സിയെ നേരിടും.
വൈകിട്ട് ഏഴിനാണ് കിക്കോഫ്. സൂപ്പര്‍ ലീഗ് ടീമായ കാലിക്കട്ട് എഫ്സി കോര്‍പറേറ്റ് എന്‍ട്രിയിലൂടെയാണ് കെപിഎലില്‍ അരങ്ങേറ്റം കുറിക്കുന്നത്. കാലിക്കട്ടിനു പുറമേ കെപിഎല്‍ രണ്ടാം ഡിവിഷനില്‍നിന്ന് സ്ഥാനക്കയറ്റം ലഭിച്ച ഇഎംഇഎ കോളജ്, സായ് കൊല്ലം എന്നീ പുതുമുഖ ടീമുകളും ഇക്കുറി അരങ്ങേറ്റം കുറിക്കും.
14 ക്ലബ്ബുകളാണ് ഈ സീസണില്‍ കിരീടപോരാട്ടത്തിനിറങ്ങുന്നത്. കോഴിക്കോടിനു പുറമെ തൃശൂര്‍ കോര്പറേഷന് സ്റ്റേഡിയവും കെപിഎല്‍ മത്സരങ്ങള്‍ക്കു വേദിയാകും. കെപിഎല്‍ ജേതാക്കളാകുന്ന ടീമിനെ ഇന്ത്യന്‍ ഫുട്ബോള്‍ ലീഗ് മൂന്നിലേക്ക് നോമിനേറ്റ് ചെയ്യുമെന്ന് കെഎഫ്എ പ്രസിഡന്റ് നവാസ് മീരാന്‍, ജനറല്‍ സെക്രട്ടറി ഷാജി സി. കുര്യന് എന്നിവര്‍ അറിയിച്ചു.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സി, ഗോള്‍ഡന്‍ ത്രെഡ്സ് എഫ്സി, ഇന്റര്‍ കേരള എഫ്സി, കേരള പോലീസ്, പിഎഫ്സി കേരള, കോവളം എഫ്സി, കെഎസ്ഇബി, വയനാട് യുണൈറ്റഡ് എഫ്സി, കേരള യുണൈറ്റഡ് എഫ്സി, റിയല്‍ മലബാര്‍ എഫ്സി എന്നിവയാണ് മറ്റു ടീമുകള്‍.
എഴ് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് പ്രാഥമിക റൗണ്ട്.ഓരോ ഗ്രൂപ്പിലെയും ആദ്യ നാല് സ്ഥാനക്കാര്‍ സൂപ്പര്‍ എട്ട് റൗണ്ടിലേക്ക് യോഗ്യത നേടും. സൂപ്പര്‍ എട്ടിലെ മികച്ച നാല് ടീമുകള്‍ സെമിഫൈനലിലേക്ക് മുന്നേറും. നിവിയ ആണ് ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ബോള്കിറ്റ് പാര്‍ട്ണര്‍.